ജിഎസ്ടിക്കു കീഴിൽ വന്നാൽ പെട്രോളും ഡീസലും എത്ര രൂപയ്ക്ക് വിൽക്കാം?

0
142

ന്യൂഡല്‍ഹി: ഇന്ധനവില ജിഎസ്ടിക്ക് കീഴിലായാല്‍ പെട്രോളും ഡീസലും എത്ര രൂപയ്ക്ക് കിട്ടും? രാജ്യത്ത് ഇന്ധനവില ജിഎസ്ടി പരിധിയിലാക്കണമെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കേരളത്തിലടക്കം ഈ മുറവിളി വീണ്ടും ഉയരുന്നുണ്ട്. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി 60 രൂപയ്ക്ക് പെട്രോള്‍ നല്‍കുമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി നേതാവും മുന്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്റെ വാഗ്ദാനം.

എന്തായാലും ഇന്ധനവില ജിഎസ്ടിക്കു കീഴിലായാല്‍ പെട്രോള്‍ 75 രൂപയ്ക്കും ഡീസല്‍ 68 രൂപയ്ക്കും വില്‍ക്കാമെന്നാണ് എസ്ബിഐ പഠനം. ഇത് നടപ്പാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടതെന്നും സാമ്പത്തിക വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 60 യുഎസ് ഡോളറായിരിക്കുന്ന അവസ്ഥയില്‍ ഇന്ധനവില ജിഎസ്ടിക്കു കീഴില്‍ വന്നാല്‍ ഖജനാവിന്റെ വരുമാനനഷ്ടം ഒരു ലക്ഷം കോടി രൂപയായിരിക്കും. ഇത് ജിഡിപിയുടെ 0.4 ശതമാനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിലവില്‍ കേന്ദ്രവും സംസ്ഥാനവും ഇന്ധനത്തിനു മുകളില്‍ വിവിധ നികുതികളും സെസുകളും ചുമത്തുന്നുണ്ട്. അതുകൂടാതെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവും ഡീലറുടെ കമ്മീഷനും ചേര്‍ത്തുള്ള വിലയ്ക്കാണ് ഉപഭോക്താവിന് പെട്രോള്‍ ലഭിക്കുന്നത്. ഇന്ധവില ജിഎസ്ടിക്കു കീഴിലായാല്‍ കൂടുതല്‍ നഷ്ടം സംസ്ഥാനങ്ങള്‍ക്കായിരിക്കുമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ധനവിലയിലെ ഏറ്റക്കുറച്ചിലുകളിലൂടെയുണ്ടാകുന്ന വരുമാനഷ്ടം കുറയ്ക്കാന്‍ ഇന്ധനവില സ്ഥിരതാ ഫണ്ട് രൂപീകരിക്കണമെന്നും എസ്ബിഐ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here