വിക്കി ഗ്രന്ഥശാലയില്‍ ‘ഐതിഹ്യമാല’യും!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരമായ ഐതിഹ്യകഥകളുടെ അക്ഷയഖനി, കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ‘ഐതിഹ്യമാല’ മലയാളം വിക്കിപീഡിയയുടെ ‘വിക്കി ഗ്രന്ഥശാല’ പുനഃപ്രസിദ്ധീകരിച്ചു. ഡിജിറ്റല്‍ മലയാളത്തിനെ സമ്പന്നമാക്കാനുള്ള ഈ പ്രൊജക്റ്റ് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് ഒരു കൂട്ടം മലയാള ഭാഷാപ്രേമികളാണ്. ‘മലയാളം ഇ ബുക്സ്’ എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മലയാളം ഇ ബുക്സുമായി വിക്കി പ്രവര്‍ത്തകര്‍ സഹകരിക്കുകയും ഗ്രന്ഥം വിക്കിയില്‍ എത്തിക്കുകയുമായിരുന്നു.

ചെറിയ വോളിയങ്ങളായി 1909 തൊട്ടാണ് പ്രസിദ്ധപ്പെടുത്താന്‍ തുടങ്ങിയത്. ആദ്യകാല പ്രസാധകര്‍ മംഗളോദയം കമ്പനിയായിരുന്നു. ‘കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി’ 1985-ല്‍ രൂപീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഐതിഹ്യമാലയിലെ പല വോളിയങ്ങളിലെ കഥകളെല്ലാം സമാഹരിക്കപ്പെടുകയും 2004 വരെ 18 പതിപ്പുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പതിനെട്ടാമത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ നൂറ്റിയമ്പതാം (2004-ല്‍) ജന്മദിനത്തിലായിരുന്നു. തുടര്‍ന്ന് 2005-ല്‍ ഡിസി ബുക്സ് പത്തൊമ്പതാം പതിപ്പും പ്രസിദ്ധീകരിച്ചു. സത്യത്തില്‍ പകര്‍പ്പവകാശ കാലാവധി തീര്‍ന്നിട്ടുള്ള ഈ പുസ്തകം ഇപ്പോഴും അച്ചടിക്കപ്പെടുകയും മലയാളികള്‍ വലിയ തോതില്‍ വായിക്കുകയും ചെയ്യുന്നുണ്ട്.

പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള വിലപ്പെട്ട പുസ്തകങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കേണ്ടത് മലയാള ഭാഷയുടെ നിലനില്‍‌പിന് ആവശ്യമാണ് എന്ന തിരിച്ചറിവില്‍ നിന്നാണ് വിക്കി ഗ്രന്ഥശാല (//ml.wikisource.org) രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ശങ്കരാചാര്യര്‍, മേല്‍‌പത്തൂര്‍ നാരായണ ഭട്ടതിരിപ്പാട്, ഇരയിമ്മന്‍ തമ്പി, ചെറുശ്ശേരി, ശ്രീനാരായണഗുരു, കുമാരനാശാന്‍, ഉള്ളൂര്‍, ചങ്ങമ്പുഴ, ചട്ടമ്പിസ്വാമികള്‍, ചന്തുമേനോന്‍ തുടങ്ങി നിരവധി പ്രതിഭകളുടെ രചനകള്‍ ഇപ്പോള്‍ തന്നെ വിക്കി ഗ്രന്ഥശാലയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതിലേക്കാണ് ഇപ്പോള്‍ ഐതിഹ്യമാലയും എത്തിയിരിക്കുന്നത്.

സാംസ്കാരികജീവിതത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറിയ അതുല്യമായ ഒരു ഗ്രന്ഥമാണ് ‘ഐതിഹ്യമാല’ എന്നതില്‍ തര്‍ക്കമില്ല. ലോകസാഹിത്യത്തില്‍ ആയിരത്തൊന്നു രാവുകള്‍ക്കും, ഈസോപ്പ് കഥകള്‍ക്കും ഉള്ളതും, ഭാരതീയസാഹിത്യത്തില്‍ പഞ്ചതന്ത്രത്തിനും, കഥാസരിത്‍സാഗരത്തിനുള്ള അതേ സ്ഥാനമാണ് മലയാളത്തില്‍ ഈ ഗ്രന്ഥത്തിനുള്ളത്. ചരിത്രവും പുരാണവും ചൊല്ലിക്കേള്‍വിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ഗ്രന്ഥം മലയാളഭാഷാ പ്രേമികള്‍ക്കായി ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിച്ച വിക്കിപ്പീഡിയ പ്രവര്‍ത്തകര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.

(ചിത്രത്തിന് കടപ്പാട് - കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക ട്രസ്റ്റ്/ksstrust.com)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :